ഒരു കല്ലും ഒരായിരം ആധികളും
വായ്വട്ടം കുറഞ്ഞ കുപ്പിക്കുള്ളിൽ പായ്ക്കപ്പൽ രൂപങ്ങളുണ്ടാക്കി വിൽപനക്ക് വെക്കുന്നത് കണ്ടിട്ടില്ലേ. ഇൗ കുപ്പിക്കുള്ളിൽ എങ്ങനെയാണ് ഇൗ കപ്പൽ കടന്നതെന്ന് ആലോചിച്ച് തല വിയർക്കാത്തവർ കുറവായിരിക്കും. അതുപോലെതന്നെയാണ് മുത്രാശയ കല്ലിെൻറ കാര്യവും. വൃക്കകളിലോ മൂത്ര ട്യൂബുകളിലോ മൂത്രസഞ്ചിയിലോ ഒക്കെ എവിടെ നിന്നെന്നറിയാതെ ഒരു കല്ല് പ്രത്യക്ഷപ്പെടുന്നു. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ആ കല്ലുണ്ടാക്കുന്ന പൊല്ലാപ്പുകൾ പിന്നീട് ആരുടെയും ഉറക്കം കെടുത്തും.
എന്നാലും ഇവൻ എങ്ങനെ അകത്തെത്തി
ഭക്ഷണത്തിലൂടെ അകത്തെത്തുന്നതോ ശരീരം ഉൽപാദിപ്പിക്കുന്നതോ ആയ ലവണങ്ങൾ രക്തത്തിലൂടെ വൃക്കയിലും അനുബന്ധ ഭാഗങ്ങളിലുമെത്തുന്നു. സാധാരണ ഗതിയിൽ ഇവ മൂത്രത്തിലൂടെ പുറത്ത് പോകേണ്ടതാണ്. എന്നാൽ മൂത്രത്തിെൻറ അളവ് കുറയുേമ്പാഴും (കുടിക്കുന്ന വെള്ളത്തിെൻറ അളവ് കുറയുേമ്പാൾ മൂത്രത്തിെൻറ അളവും കുറയും) കാലമേറെ കഴിയുേമ്പാഴും ഇൗ ലവണങ്ങൾ അടിഞ്ഞുകൂടി കല്ലുപോലെ രൂപപ്പെടുന്നു.
ഇങ്ങനെ കല്ലുകൾ രൂപപ്പെടുന്നത് തടയാനും ശരീരത്തിൽ സ്വാഭാവിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. ശരീരത്തിലെ മഗ്നീഷ്യം, സിട്രേറ്റ്, നെഫ്റോകാൽസിൻ, ഒാസ്റ്റിയോപോണ്ടിൻ, പൈറോഫോസ്ഫേറ്റ് എന്നിവയെല്ലാം കല്ല് രൂപപ്പെടുന്നതിനെ തടയുന്ന പടയാളികളാണ്. അതേസമയം കാത്സ്യം, ഒാക്സലേറ്റ്, യൂറിക് ആസിഡ്, ഫോസ്ഫറസ് എന്നിവയെല്ലാം കല്ലുണ്ടാക്കാൻ പെടാപ്പാട് പെടുന്നവയുമാണ്.
കല്ലുകൾ പലതരം
മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെല്ലാം ഒരേ കാരണങ്ങളാൽ ഉണ്ടാകുന്നതോ ഒരേ തരത്തിലുള്ളതോ അല്ല. 80 ശതമാനം കല്ലുകളും കാത്സ്യം ഒാക്സലേറ്റ് കല്ലുകളാണ്. കാത്സ്യം േഫാസ്ഫേറ്റ് ആയും കല്ലുകൾ രൂപപ്പെടുന്നുണ്ട്്. എന്നുകരുതി കാത്സ്യം ഒഴിവാക്കിയാൽ കല്ലുണ്ടാകില്ലെന്ന് തെറ്റിദ്ധരിക്കരുത്. മാത്രമല്ല, കാത്സ്യം അടങ്ങിയ ഭക്ഷണം ഒരുപരിധിവരെ കല്ലുണ്ടാകുന്നത് തടയുകയാണ് ചെയ്യുക.
വൃക്കകളിലും അനുബന്ധ ഭാഗങ്ങളിലും വെച്ച് കാത്സ്യം ഒാക്സലേറ്റുമായോ ഫോസ്ഫേറ്റുമായോ ഒക്കെ ചേരുേമ്പാഴാണ് കല്ലായി മാറുന്നത്. രക്തത്തിലൂടെ ഒാക്സലേറ്റ് വൃക്കകളിലെത്തുന്നതാണ് യഥാർഥ പ്രശ്നം. ആമാശയത്തിൽനിന്ന് ഒാക്സലേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നത് ഭക്ഷണത്തിലൂടെ അകത്തെത്തുന്ന കാത്സ്യമാണെന്നതാണ് അതിലേറെ രസകരമായ കാര്യം. അതെങ്ങനെയെന്ന് നോക്കാം.
ആമാശയത്തിൽവെച്ചുതന്നെ കാത്സ്യവും ഒാക്സലേറ്റും കൂടിച്ചച്ചേർന്ന് കാത്സ്യം ഒാക്സലേറ്റായി മാറുന്നു. കാത്സ്യം ഒാക്സലേറ്റിന് രക്തത്തിലേക്ക് കടക്കാനാകില്ല. ഇത് ദഹനവ്യൂഹത്തിലൂടെ പുറംതള്ളപ്പെടും. അതായത് കാത്സ്യവും ഒാക്സലേറ്റും കൂടിച്ചേർന്ന് കാത്സ്യം ഒാക്സലേറ്റാകുന്നത് ആമാശയത്തിൽ വെച്ചാണെങ്കിൽ കുഴപ്പമില്ല. വൃക്കകളിൽ വെച്ചാണെങ്കിൽ കുഴപ്പമാണ്.
മറ്റു കല്ലുകൾ
വൃക്കയിലെ അണുബാധ കാരണം രൂപപ്പെടുന്ന കല്ലാണ് സ്ട്രുവൈറ്റ് കല്ല്. 10 മുതൽ 15 ശതമാനം വരെ കല്ലുകൾ ഇൗ തരത്തിൽ വരുന്നവയാണ്. മൃഗങ്ങളുടെ മാംസത്തിലടങ്ങിയ പ്രോട്ടീൻ കഴിക്കുന്നതിലൂടെ വരുന്ന കല്ലുകളാണ് യൂറിക് ആസിഡ് കല്ലുകൾ.10 ശതമാനം കല്ലുകൾ ഇൗ തരത്തിലുള്ളവയാണ്. മൂത്രത്തിൽ സിസ്റ്റീൻ അധികമാകുന്ന അവസ്ഥയാണ് സിസ്റ്റിന്യൂറിയ (cystinuria). ഇൗ അവസ്ഥ കാരണവും കല്ലുകളുണ്ടാകുന്നുണ്ട്. എന്നാൽ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഇൗ തരത്തിലുള്ള കല്ലുകൾ.
സ്റ്റാഗ് ഹോൺ എന്ന പേരിലുള്ള ഒരുതരം കല്ലു കൂടി ഇൗ കൂട്ടത്തിലുണ്ട്. മാൻ കൊമ്പിെൻറ രൂപത്തിലുള്ള കല്ലായതുകൊണ്ടാണ് അങ്ങനെ പേരു വീണത്. വേദനയോ മറ്റ് അസ്വസ്ഥകളോ ഉണ്ടാക്കാത്തതിനാൽ ഇവ തിരിച്ചറിയാൻ ഏറെ വൈകും.
ഉണ്ടാകാനുള്ള സാധ്യതകൾ എന്തെല്ലാം?
വെള്ളംകുടിക്കുന്നതിെൻറ അളവ് കുറഞ്ഞാൽ കല്ലുകൾ കാലക്രമേണ രൂപപ്പെടും.
കല്ലുകൾ പാരമ്പര്യമായി കണ്ടുവരുന്നുണ്ട്.
സ്ഥിരമായി മൂത്രാശയത്തിൽ അണുബാധയുണ്ടാകുന്നവർക്ക് വരാനുള്ള സാധ്യതയുണ്ട്.
പുരുഷന്മാരിലും അമിത വണ്ണമുള്ളവരിലും സാധ്യത കൂടുതലാണ്.
പാരതൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തകരാർ കാരണം കാത്സ്യത്തിെൻറ അളവ് കൂടുന്നു. ‘പ്രൈമറി ഹൈപ്പർ പാരാതൈറോയ്ഡിസം’ അവസ്ഥയിൽ ഗ്രന്ഥി കൂടുതൽ കാത്സ്യം ഉൽപാദിപ്പിക്കുന്നു. ഇതു കല്ലുണ്ടാകാൻ കാരണമാകും.
അമിതമായി കാത്സ്യം സപ്ലിമെൻറുകൾ കഴിക്കുന്നത് കല്ലുണ്ടാകാൻ കാരണമാകാം.
ചിലർക്ക് സിസ്റ്റീനൂറിയ എന്ന ജനിതക വൈകല്യം കാരണം സിസ്റ്റീൻ എന്ന അമിനോ ആസിഡ് മൂത്രത്തിൽ പ്രത്യക്ഷപ്പെടും. ഇത് കല്ലുണ്ടാക്കുന്നതാണെങ്കിലും അപൂർവമായി മാത്രമാണ് ഇൗ അവസ്ഥയുണ്ടാകുന്നത്.
ഗൗട്ട് (gout) വാദമുള്ളവരിൽ യൂറിക് ആസിഡിെൻറ അളവ് രക്തത്തിൽ കൂടുതലാകും. ഇവർക്ക് കല്ലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവർ ഗൗട്ട് വാദത്തിന് ചികിത്സ തേടണം.
കല്ലുശല്യം ആർക്കാണ്
കൂടുതൽ?
പുരുഷന്മാരിലാണ് അധികവും കാണപ്പെടുന്നത്. 70 വയസ്സുവരെ മൂത്രക്കല്ല് വരാനുള്ള സാധ്യതയുണ്ട്. അതിൽത്തന്നെ 30നും 40 നും ഇടക്കുള്ളവർക്ക് സാധ്യത കൂടുതലാണ്. ഒരിക്കൽ കല്ല് വന്നാൽ വീണ്ടും വരാനുള്ള സാധ്യത 50 ശതമാനം ആണ്. മൂത്രക്കല്ല് ഉണ്ടായവരിൽ പകുതി പേർക്കും അതേ രോഗം വീണ്ടും വരുന്നുണ്ടെന്നർഥം.
ലക്ഷണങ്ങൾ
അഞ്ച് എം.എമ്മിന് താഴെ അളവിലുള്ള കല്ലുകൾ ലക്ഷണങ്ങൾ ഒന്നുമില്ലാതെ മൂത്രത്തിലൂടെ പുറത്ത് പോകും. അഞ്ച് എം.എമ്മിന് മുകളിലുള്ളവയാണ് അസ്വസ്ഥതകൾ ഉണ്ടാക്കുകയും പുറത്തുപോകാതെ നിൽക്കുകയും ചെയ്യുന്നത്. താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് മൂത്രക്കല്ല് സംശയിക്കാം.
മൂത്രം എപ്പോഴും പോകണമെന്ന് തോന്നുക
മൂത്രമൊഴിക്കുന്നതിെൻറ ഇടവേള കുറയുക.
ഒാക്കാനം, ഛർദ്ദി
പനി, വിറയൽ(അണുബാധ ഉണ്ടെങ്കിൽ)
മൂത്രത്തിൽ രക്തം, കല്ല് എന്നിവ കാണുക
അതികഠിനമായ വേദന പിറകുവശത്തും അടിവയറ്റിലും അനുഭവപ്പെടുക. ചിലപ്പോൾ വേദന പിറകിൽനിന്നും അടിവയറ്റിലേക്കോ തുടയുടെ ഉള്ളിലേക്കോ ജനനേന്ദ്രിയത്തിെൻറ ഭാഗത്തേക്കോ വരുന്നതായി അനുഭവപ്പെടും. ഇടവിട്ടായിരിക്കും വേദന ഉണ്ടാകുന്നത്. പിന്നീട് അസഹനീയമാകും. ഇങ്ങനെ വരുേമ്പാൾ വിയർക്കുകയും ചിലപ്പോൾ ഛർദ്ദിക്കുകയും ചെയ്യും.
പരിഹാരമുണ്ടേ...
കൃത്യമായ വ്യായാമത്തിലൂടെയും ആഹാര ക്രമീകരണത്തിലൂടെയും ഒരു പരിധിവരെ നമുക്ക് മൂത്രക്കല്ലിനെ നിയന്ത്രിക്കാം. കല്ലുകൊണ്ടുള്ള പ്രശ്നങ്ങളും വേദനയും അസഹനീയമാകുേമ്പാഴാണ് പലരും ചികിത്സ തേടുന്നത്.
കല്ല് പൊടിച്ചുകളയുന്ന തരത്തിലുള്ള മരുന്നുകളാണ് ഹോമിയോപ്പതിയിൽ ഇതിന് ചികിത്സക്കായി ഉപയോഗിക്കുന്നത്. ഇങ്ങനെ പൊടിയുന്ന കല്ല് മൂത്രത്തിലൂടെ പുറത്തുപോകും. മൂന്നു മുതൽ ആറു മാസത്തിനുള്ളിൽ ഇത്തരത്തിൽ കല്ല് നീക്കാനാകും. മൂത്രക്കല്ല് ഒരിക്കൽ ഉണ്ടായാൽ ഇനിയും വരാനുള്ള സാധ്യത അധികമായതിനാൽ അതുകൂടി പരിഗണിച്ചാണ് ചികിത്സ നൽകുന്നത്.
ഒാർത്തിരിക്കാൻ
വെള്ളം ധാരാളമായി കുടിക്കുക (ഒരു ദിവസം 2-3 ലിറ്റർ). അതുപോലെ പ്രധാനമാണ് മൂത്രമൊഴിക്കുന്നത്. ഒരു ദിവസം 2-2.5 ലിറ്റർ മൂത്രം പുറത്ത് പോകണം.
മൂത്രം കടുംമഞ്ഞനിറത്തിലാണെങ്കിൽ കുടിക്കുന്ന വെള്ളത്തിെൻറ അളവ് കുറവാണെന്നർഥം.
ചൂടുകാലത്ത് സാധാരണയിലേറെ അധികംവെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കാരണം വിയർപ്പിലൂെട ധാരാളം വെള്ളം നഷ്ടപ്പെടും. കായികമായും ശാരീരികമായും അധ്വാനിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
ഗ്രീൻടീ, കാത്സ്യം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളായ കൊഴുപ്പ് കുറവുള്ള പാൽ, തൈര് എന്നിവയെല്ലാം കല്ലുണ്ടാകുന്നത് തടയും.
മഗ്നീഷ്യം അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം, അവക്കാഡോ പോലുള്ളവ, നാരങ്ങ/ചെറുനാരങ്ങ, ഒാറഞ്ച് എന്നിവ പോലെ സിട്രേറ്റ് അടങ്ങിയിട്ടുള്ളവ എന്നിവയെല്ലാം മൂത്രക്കല്ലുണ്ടാകുന്നത് തടയുന്ന ഭക്ഷ്യവസ്തുക്കളാണ്.
സോഡിയം അടങ്ങിയിട്ടുള്ള ഉപ്പടക്കമുള്ളവ മൂത്രക്കല്ലുണ്ടാക്കും. അതുകൊണ്ട് ഉപ്പിെൻറ അളവ് പരമാവധി കുറക്കണം.
ഇവയെ സൂക്ഷിക്കുക
ഒാക്സലേറ്റ് അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട്, ചീര, മധുരക്കിഴങ്ങ്, അണ്ടിപ്പരിപ്പ്, ചോക്ലറ്റ്, സോയ, കുരുമുളക് (ബ്ലാക്ക്) എന്നിവ മൂത്രത്തിൽ കല്ലുണ്ടാകാൻ സഹായിക്കുന്നവയാണ്
ഉപ്പ് അധികമുള്ള പദാർഥങ്ങൾ
ബേക്കറി പലഹാരങ്ങൾ
അധികം മധുരവും ഒഴിവാക്കുന്നതാണ് നല്ലത്.
ബീഫ്, പന്നി തുടങ്ങിയ കൊഴുപ്പ് അടങ്ങിയിട്ടുള്ള മാംസം നിയന്ത്രിക്കേണ്ടതാണ്.
പ്രോട്ടീനടങ്ങിയ മാംസം, കരൾ, തലച്ചോർ, നെയ് അധികമുള്ള മത്സ്യങ്ങൾ, ലഹരി പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പയർ, പരിപ്പ്, മൈദ ചേർന്ന ബ്രഡ്, െഎസ്ക്രീം, കൊഴുപ്പുള്ള ഭക്ഷണം എന്നിവയുടെ അളവ് കുറക്കുക.
രോഗനിർണയം ഇങ്ങനെ
കല്ല് പരിശോധന
പുറത്തേക്ക് വരുന്ന കല്ലുകൾ പരിശോധനക്ക് വിധേയമാക്കുന്നു. കെമിക്കൽ പരിശോധനയിലൂടെ ഏതു തരംകല്ലാണെന്ന് കണ്ടെത്താം. അതിെൻറ അടിസ്ഥാനത്തിൽ നമുക്ക് ഭക്ഷണം ക്രമീകരിക്കാനാകും.
രക്ത പരിശോധന
കല്ലുകൾ രൂപപ്പെടാൻ സഹായകമാകുന്ന ഘടകങ്ങൾ എത്രത്തോളംഎന്നറിയാൻ സഹായിക്കുന്നു. അതായത് കാത്സ്യം, യൂറിക് ആസിഡ്, ഒാക്സലേറ്റ് ഇവയുടെ അളവ് കൃത്യമായി അറിയാനാകും. അത് കൂടാതെ യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ അളവും അറിയാം.
സിടി സ്കാൻ
ഏറ്റവുംകൃത്യമായി കല്ലുകളെ കണ്ടെത്താൻ സഹായിക്കുന്നു. കൂടാതെ തടസ്സം സൃഷ്ടിക്കുന്ന ഭാഗവും കണ്ടെത്താനാകും. യൂറിക് ആസിഡ് കല്ലുകൾ എക്സ്റേ രശ്മികൾ കടത്തിവിടാത്തതിനാൽ അവ സി.ടി സ്കാനിലൂടെ മാത്രമാണ് കണ്ടെത്താനാകുക.
മൂത്ര പരിശോധന
കാത്സ്യം, യൂറിക് ആസിഡ്, ഒാക്സലേറ്റ്, സോഡിയം, ക്രിയാറ്റിൻ ഇവയുടെ അളവ് നിർണയിക്കുന്നു.
എക്സ്റേ
കാത്സ്യം കല്ലുകൾ ഇതിലൂടെ കണ്ടെത്താനാകും
ഇൻട്രാവീനസ് യൂറോഗ്രാം
കല്ലുകളുടെ സ്ഥാനം നിർണയിക്കാനും മറ്റു തടസ്സങ്ങൾ കണ്ടെത്താനും ഇതിലൂടെ കഴിയും. എന്നാൽ, വൃക്ക തകരാറുള്ളവർക്ക് ഇൗ പരിശോധന ദോഷം ചെയ്യും.